Thursday, July 3, 2008

റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ്

"നമ്പര്‍ 13 ന് ഒരു പോയിന്റ്"

ജീവിതത്തില്‍ ഒരു ദിവസം, അന്ന് ആദ്യവും അവസാനവുമായി ഞാന്‍ എയ്ഡ്സിനെ സ്നേഹിച്ചു.. സ്കൂള്‍ പ്രശ്നോത്തരി മത്സരത്തില്‍ എയ്ഡ്സിന്റെ പൂര്‍‌ണ്ണരൂപം എനിക്ക് നേടിതന്നത് ഒരു പോയിന്റ് മാത്രമായിരുന്നില്ല മൂക്കില്ലാരാജ്യത്തെ മുറിമൂക്കി‍ രാജകുമാരിയുടെ പട്ടവുമായിരുന്നു..

പിന്നെ കൂടുതല്‍ അറിയുന്തോറും ഏതൊരു സാധാരണക്കാരിയെയും പോലെ ഞാനും അതിനെ ഭയപ്പെടാന്‍ തുടങ്ങി.. ഓരോ അറിവിലും ഭയത്തിന്റെ നിരപ്പ് കൂടിയും കുറഞ്ഞും ചാഞ്ചാടികൊണ്ടിരുന്നു.. ഓപ്പറേഷന്‍ ടേബിളില്‍ കയറിയിറങ്ങിയപ്പോഴൊക്കെ ഞാന്‍ ആ സൂചിമുനകളുടെയും കത്തിയരികുകളെയും അല്പം ഭയത്തോടെ നോക്കിയിട്ടുണ്ട്.. അതൊരിക്കലും എന്റെ അസുഖത്തെ കുറിച്ചൊ വേദനയോര്‍ത്തൊ അല്ല... അന്തിമമായി വിജയമോ പരാജയമൊ എന്നതിനേക്കാല്‍ മറ്റൊരു അസുഖം എന്നിലേക്കെത്തുമോ എന്ന് അന്നൊക്കെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്.. വിവരമില്ലായ്മയുടെ കാഠിന്യം തന്നെ..

എന്തെ ഇപ്പൊ ഇതൊക്കെ ആലോചിക്കാന്‍ എന്ന് വെച്ചാല്‍..

കേരളത്തില്‍ എയ്ഡ്സിനെ കുറിച്ചുള്ള ബോധവത്കരണത്തിനായി റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ് എത്തിയിരിക്കുന്നു.. കലാജാഥയും മറ്റു പരിപാടികളുമായി അവര്‍ നാടുചുറ്റുന്നുണ്ട്.. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഏഴ് സ്റ്റേഷനുകളിലാണ് പ്രദര്‍ശനത്തിനായി ഈ പ്രത്യേക തീവണ്ടി നിര്‍ത്തുന്നത്..


മെഡിക്കല്‍ ലാബില്‍ ജോലിചെയ്യുന്ന കൂട്ടുകാരി എച് ഐ വി പോസിറ്റീവ് ആയ ഒരു സാമ്പിള്‍‍ ടെസ്റ്റ് ചെയ്തെന്ന് പറയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ചോദിക്കാന്‍ ഒരുകൊട്ട ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നു.. ബാക്കി രക്തവും ഉപയോഗിച്ച സാധനങ്ങളുമൊക്കെ വെറുമൊരു കവറില്‍ പൊതിഞ്ഞ് മുനിസിപ്പാലിറ്റിയുടെ കുപ്പത്തോട്ടിയിലെത്തും എന്ന് അവള്‍ പറഞ്ഞ് ഞങ്ങള്‍ക്കറിയാം.. ചിലപ്പൊഴൊക്കെ ഭാവന കാടുകേറുമ്പോള്‍, അതൊരു വല്ലാത്ത കാ‍ടുകേറല്‍ തന്നെയാണ്...


അറിയാവുന്നതില്‍ കൂടുതല്‍ എന്തറിയാന്‍ എന്ന് ചിന്തിക്കുന്നവരെ.. കഴിയുമെങ്കില്‍ ഈ പ്രദര്‍ശനം കാണുക.. നമ്മള്‍ കേട്ടതും അറിഞ്ഞതും തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്.. പക്ഷെ കുറച്ചു കൂടെ ആധികാരികതയോടെയാണെന്നു മാത്രം..


വാല്‍‌കഷണം

പ്ലാറ്റ്ഫോമില്‍ ഒരു സ്കിറ്റ് തകര്‍ക്കുകയാണ്.. എയ്ഡ്സ് പെങ്കുട്ടിയെന്നും പൂവരണികുട്ടിയെന്നും പത്രക്കാര്‍ പ്രശസ്തയാക്കിയ രാജിയുടെ കഥയാണ്.. നല്ല തിരക്കുള്ളതിനാല്‍ ഇടയില്‍ കിട്ടിയ ഒരു കസേരയില്‍ ഞാനിരുന്നു.. ഒരു രംഗത്തില്‍ നാലുപേര്‍ ചേര്‍ന്ന് ആ കുട്ടിയെ പിടിച്ചു നിര്‍ത്തുന്നു.. കുറച്ചുനേരം തുടര്‍ന്ന ആ നില്പില്‍ പുറകില്‍ നിന്നു പിടിച്ഛിരുന്ന പയ്യന്റെ കൈ ആദ്യം വീണത് സ്ഥാനം അല്പം തെറ്റിയായിരുന്നു..

ഉടന്‍ പുറകിലിരുന്നവന്റെ കമന്റ്...

“അവന്റെയൊക്കെ ഒരു യോഗം..”

9 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അറിയാവുന്നതില്‍ കൂടുതല്‍ എന്തറിയാന്‍ എന്ന് ചിന്തിക്കുന്നവരെ.. കഴിയുമെങ്കില്‍ ഈ പ്രദര്‍ശനം കാണുക.. നമ്മള്‍ കേട്ടതും അറിഞ്ഞതും തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്.. പക്ഷെ കുറച്ചു കൂടെ ആധികാരികതയോടെയാണെന്നു മാത്രം..

കാഴ്‌ചക്കാരന്‍ said...

എയ്‌ഡ്‌സ്‌ കൊണ്ടു മരിച്ചവരേക്കാളധികം പേര്‍ അതിന്റെ ഉച്ചിഷ്ടം ഭുജിച്ച്‌ ജീവിച്ചു പോരുന്നു, പൂവരണി കുഞ്ഞിന്റെ ഘാതകരടക്കം... ഇതു പെരുപ്പിച്ചു കാട്ടുന്ന ഇല്ലാക്കഥയാണെന്നൊരു വാദം നിലനില്‍ക്കുന്നു. ഇറങ്ങിവരുന്ന ഫണ്ട്‌ കാത്തിരുപ്പുണ്ട്‌ പലരും. കച്ചവടം തന്നെ രഹസ്യം. (തീര്‍ച്ചയായും എല്ലാ രോഗങ്ങളെപ്പോലേയും ഇതിനും പരിഗണന വേണം)

ഏറനാടന്‍ said...

:)

siva // ശിവ said...

ലേഖനം നന്നായി..റെഡ് റിബണ്‍ എക്സ്പ്രസ്സിനെങ്കിലും എന്തെങ്കിലും സന്ദേശം നല്‍കാന്‍ കഴിയട്ടെ എന്ന് ആശിക്കാം.

ഇനിയൊരു സ്വകാര്യം: തിരുവനന്തപുരത്തെ ബ്ലോഗ് അക്കാഡമിയുടെ പ്രോഗ്രാമില്‍ വന്നിരുന്നുവെന്ന് പിന്നീട് കമന്റ് കണ്ടപ്പോള്‍ മനസ്സിലായി....അന്ന് കാണാന്‍ കഴിഞ്ഞില്ല.

ഇവിടെ റെഡ് റിബണ്‍ എക്സ്പ്രസ്സ് വന്ന് ദിവസം ഞാനും അവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു....അന്നും കാണാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇപ്പോള്‍ ചില ധാരണകളൊക്കെയുണ്ട്....അടുത്ത തവണ കണ്ടു പിടിക്കും.

സസ്നേഹം,

ശിവ

ഇട്ടിമാളു അഗ്നിമിത്ര said...

കാഴ്ചക്കാരാ.. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.. പക്ഷെ, അറിയാതെ അകപെട്ടു പോയവര്‍ക്ക്, തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവില്‍ പകച്ച് നില്‍ക്കുന്നവര്‍ക്ക് .. അവര്‍ക്ക് ജീവിക്കാന്‍ ഒരവസം കൊടുക്കാമല്ലൊ.. എന്തിന്റ്റെ പേരിലാണെങ്കിലും..

ഏറനാടാ.. :)

ശിവ ശിവാ‍ാ‍ാ.. എന്താദ്.. ഇങ്ങനെ കണ്ടുപിടിക്കാന്‍ ഞാനെന്താ പിടികിട്ടാപുള്ളിയൊ... :)

Unknown said...

എയ്ഡിസിനെകുറിച്ച് ശരിയായ ബോധവല്ക്കരണം
നമ്മുടെ സാമൂഹത്തില്‍ ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.ഒരാള്‍ ഒരു കുടുംബത്തില്‍ എയ്ഡ്സ് വന്ന് മരിച്ചാല്‍ ആ കുടുംബം സാമൂഹത്തില്‍ ഒറ്റപ്പെട്ടൂ എന്നു സാരം.
ശരിയായ ബോധവല്കരണം ഉണ്ടാകാത്തതാണ്
ഇതിനു കാരണം.

salil | drishyan said...

നന്ന്.
എനിക്കിതൊന്നും വരില്ല എന്ന് വ്യാമോഹിക്കുന്നവരാണ്‍ നമ്മളെല്ലാം. ഏയ്‌ഡ്‌സിനെ പറ്റി ചിലതൊക്കെ അറിയുമെങ്കിലും അറിയാത്തതൊരുപാട് ഉണ്ടാവുമല്ലെ. കാണാന്‍ അവസരം കിട്ടുമോ എന്നറിയില്ല, കിട്ടിയാല്‍ തീര്‍ച്ചയായും കാണും.

സസ്നേഹം
ദൃശ്യന്‍

Sojo Varughese said...

റെഡ് റിബണ്‍ എക്സ്പ്രസ്സ് - അതും ഒരു എന്‍ ജി ഓ കലാപരുപാടി ആണോ? അമേരിക്കയില്‍ നിന്നും കാശ് ഇറക്കുമതി ചെയ്ത് വിവരം ഇല്ലാത്ത ഇന്ത്യക്കാരെ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ ആക്കുന്ന നമ്പര്‍?

ഇട്ടിമാളു അഗ്നിമിത്ര said...

അനൂപ്.. ദൃശ്യന്‍ .. നന്ദി

കാക്ക .. ആണൊ അല്ലയൊ എന്നറിയില്ല.. എന്നാലും ഒരാളെങ്കിലും രക്ഷപ്പെട്ടാല്‍ അത്രയുമായില്ലെ..