Sunday, July 25, 2010

ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?

ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..

സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.

അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.

ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം

ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?

ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.

അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽ‌പ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.

ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.

ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം

ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.

വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..

“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”

ആ കഥ അവിടെ തീർന്നു..

ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..

ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..

“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”

എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

16 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഞാൻ എന്റെ പെൺസുഹൃത്തുക്കളിൽ പലരോടും ചോദിച്ചു.. ഇല്ല എന്നായിരുന്നു ഉത്തരം.. എന്തുകൊണ്ടെന്നത് പ്രത്യേകിച്ച് വിശദീകരർണങ്ങൾ ഒന്നും ഇല്ലാത്ത ചോദ്യമായി അവശേഷിച്ചു..

jayanEvoor said...

നല്ല ചോദ്യം!

ആമ്പിറന്നോനായ ഞാൻ ഒറ്റയ്ക്കു സിനിമ കണ്ട കാലം മറന്നു!

അല്ല, ഒറ്റയ്ക്കു പോയാലെന്താ?
ഞാൻ കണ്ടിട്ടുണ്ടല്ലോ, പലരെയും... പലതവണ.

Haree said...

"'അവരൊന്നും ഇല്ലെ' എന്നൊരു ചോദ്യം." - 'കൂടെയാരും ഇല്ലേ' എന്നായിരുന്നോ ഉദ്ദേശിച്ചത്?

പെണ്‍കുട്ടികള്‍/സ്ത്രീകള്‍ മാത്രമല്ല; ഒറ്റയ്ക്ക് പടത്തിനു പോവുന്ന ആണ്‍കുട്ടികളും/പുരുഷന്മാരും കുറവാണ്‌. ചുമ്മാ ഒരു കമ്പനിയില്ലെങ്കില്‍ എന്തോന്ന് രസം എന്നു കരുതുന്നവരാണ്‌ അധികവും. ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാല്‍ കൂടെ ആരെങ്കിലും ഉണ്ടെങ്കിലെന്ത്/ഇല്ലെങ്കിലെന്ത് (സിനിമ കാണാന്‍ തന്നെ വന്നതാണെങ്കില്‍!)?

അപ്പോ ഒറ്റയ്ക്ക് വരുന്ന ഏതേലും പെണ്‍കുട്ടിയെ തിയേറ്ററില്‍ കണ്ടാല്‍ അത് ഇട്ടിമാളുവാണ്‌ എന്നുറപ്പിക്കാമോ? :-)
--

b Studio said...

ഒറ്റയ്ക്ക് സിനിമ കാണാന്‍ വരുന്ന ഒരു സുഹൃത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു. തിയറ്ററില്‍ വെച്ച് പരിച്ചയപെട്ടതാണ്. എല്ലാ റിലീസ് ദിവസം ആദ്യ ഷോ യ്ക്ക് തന്നെ ഉണ്ടാവും പുള്ളിക്കാരി. ഞങ്ങളെ പോലെ തന്നെ സിനിമ ഒരു പാഷന്‍ ആണ് അവര്‍ക്കും. ഒറ്റയ്ക്ക് സിനിമ കാണാന്‍ വരുന്നതിനു ബുദ്ധിമുട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ കാശ് കൊടുത്തു സിനിമ കാണാന്‍ വരുന്ന എനിക്കിലാത്ത ബുദ്ധിമുട്ട് നിങ്ങള്‍ക്കെന്തിനാ എന്നാണു അവര്‍ ചോദിച്ചത്. ഇടി കൊള്ളാതെ ടിക്കറ്റ് കിട്ടാനുള്ള ഒരു വഴി ആയിരുന്നു അവര്‍.
ഇതൊരു സാധാരണ സംഭവമാണ്.

ഞാന്‍ ഇരിങ്ങല്‍ said...

ആളൊരു കേമി തന്നേ ല്ലേ... ഒ
റ്റയ്ക്ക് സിനിമയ്ക്കെന്നല്ല എവിടെ പോകാനും വല്യ മടിയാ. ഭക്ഷണം കഴിക്കാന്‍ പോലും എനിക്ക് ഒറ്റയ്ക്ക് പറ്റില്ല.

Anil cheleri kumaran said...

ഒറ്റയ്ക്കൊരു പെണ്‍കുട്ടി.

shaji.k said...

ഇത് നന്നായി,ഞാന്‍ ഇത് വരെ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെയും സിനിമക്ക് കണ്ടിട്ടില്ല.(ചിലപ്പോള്‍ ശ്രദ്ടിക്കാത്തത് കൊണ്ടായിരിക്കും).ഞാന്‍ ഇവിടെ ഗള്‍ഫില്‍ ഒറ്റക്കാണ് സിനിമക്ക് പോകാറ്‌.

eldin said...

ഒറ്റയ്ക്ക് സിനിമക്ക് പോയി എന്നത് ഒരു വലിയ സംഭവം ആയി സ്വയം പോലും കരുതുന്നു....എനിക്ക് തോന്നുന്നു അതാണ്‌ ആദ്യം മാറ്റേണ്ടത്....പിന്നെ ഒറ്റയ്ക്ക് സിനിമക്ക് പോകുന്നതും മഴ നനയുന്നതും ഒക്കെ ഒരു പ്രത്യക കണ്ണുകളിലൂടെ ആണ് പൊതുവേ സമൂഹം വീക്ഷിക്കുന്നത്.....അതുകൊണ്ട് ഇതു ഒരു വെല്ലുവിളി ആയി കണക്കാക്കാം....

Rare Rose said...

ഇത്രേം സിനിമാസ്നേഹമുള്ളൊരു പെണ്‍കൊടിയെ ഞാനാദ്യായാണു കാണുന്നത്.:)
ഒറ്റയ്ക്കു ഞാനിതു വരെ പോയിട്ടില്ല.സത്യത്തില്‍ അങ്ങനൊരു സാധ്യത ഉണ്ടല്ലോന്നു പോലും ഞാനിപ്പോഴാണു ചിന്തിച്ചത്..

Ashly said...

ഫിലിം ഫെസ്റിവല്‍ കാണ്ണന്‍ പോകുമ്പോ മാത്രമേ ഞാന്‍ ഒറ്റയ്ക്ക്ഉള്ള പെണ്‍കുട്ടികളെ കണ്ടിട്ടുള്ളൂ.

Fayas said...

പെണ്‍കുട്ടികള്‍ തനിച്ചു സിനിമക്ക് പോകുകയോ... ? പണ്ടാണെങ്കില്‍ ആളുകള്‍ ഇങ്ങിനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ കാലം എത്രയോ മാറി അല്ലെ.... കൂട്ടുകാരോടൊത്ത് സിനിമക്ക് പോകാനാണ് എനിക്ക് താല്പര്യം. കാരണം ധൈര്യമായി കൂവാലോ...

ദൈവം said...

ഇനി നമുക്ക് ഒറ്റക്ക് സെക്കന്റ്‍ഷോക്കും പോണം ട്ടൊ :)

Yamini said...

ഞാന്‍ പോവാറുണ്ട്. ഇടയ്ക്കിടെ. വെറുതെ ഒരു രസം.

റോസാപ്പൂക്കള്‍ said...

റെയര്‍ റോസ് പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സാധ്യത ഉണ്ടല്ലോ എന്ന് ഞാനും ഓര്‍ത്തത്.പക്ഷെ തല്ലിക്കൊന്നാലും ഞാന്‍ പോവില്ല. ഈ തമാശ സിനോക്കെ വരുമ്പൊ ആര്‍ത്തു സഹിക്കാന്‍ ആരെങ്കിലും കൂടെ വേണ്ടേ.എന്റമ്മേ..ഓര്‍ക്കാന്‍ വയ്യ.ഒറ്റയ്ക്കു ഭക്ഷനമ് കഴിക്കുന്നതുപോലും ഇഷ്ടമല്ലാത്ത ഈ എനിക്ക്

സ്വപ്നാടകന്‍ said...

കമ്പനി ഇല്ലാതെ സിനിമയ്ക്ക് പോകല്‍ പുരുഷന്മാര്‍ക്ക് വരെ ഭയങ്കര ബുദ്ധിമുട്ടാണ്..അപ്പഴാ:)

ഇട്ടിമാളു അഗ്നിമിത്ര said...

ജയൻ.. ആമ്പിറന്നോന്മാർ ഒറ്റക്ക് സിനിമകാണണം ന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ... സ്വപ്നാടകാനാണെങ്കിൽ കമ്പനിയില്ലാതെ പോവുകയും ഇല്ല.. :)

ഹരീ.. എന്നെ പോലെ വേറെയും കാണും ആരേലും.. അതോണ്ട്, വെറുതെ പ്രശ്നാക്കണ്ട :)

b Studio..എന്റെ കാശ്, എന്റെ സമയം .. പിന്നെന്തിനാ മറ്റുള്ളവർ വിഷമിക്കണെ.. അതന്നെ എന്റെയും ന്യായം..

ഇരിങ്ങലെ.. സിനിമ ഒഴിവാക്കാം, പക്ഷെ ഭക്ഷണം കഴിക്കാൻ മടിച്ചാൽ സംഗതി പ്രശ്നാവും..

കുമാരൻ.. അതെ..

ഷാജി.. ശ്രദ്ധിക്കാഞ്ഞിട്ട് തന്നെ

eldin..തൽക്കാലം മാറ്റാൻ യാതൊരു ഉദ്ദേശവുമില്ല.. ഇതൊരു സംഭവാണെന്നല്ലെ താങ്കളും പറഞ്ഞത് ;).. വെല്ലുവിളി എന്താന്ന് മനസ്സിലായില്ല

റോസെ.. ആദ്യായി കാണുന്നോണ്ട് സമ്മാനം വല്ലതും :)

Captain .. ഞാനിതു വരെ ഫിലിം ഫെസ്റ്റിവലിനു പോയിട്ടില്ല..

ഫിലിംപൂക്കള്‍.. കൂവുന്നവരുടെ കൂട്ടത്തിൽ നോക്കിയാൽ താങ്കളെ കാണാം.. അല്ലെ?

ദൈവം.. പോവണം ന്ന് ണ്ട് പക്ഷെ ഹോസ്റ്റലിൽ കേറ്റില്ല :(

യാമിനി.. മനോഹരീ.. :)

റോസാപ്പൂക്കള്‍.. ഈ റോസകൾ എല്ലാം പ്രശ്നാണല്ലൊ :)


സ്വപ്നാടകാ.. :)