Sunday, January 31, 2010

സ്ഥാനം തെറ്റിയ അവയവങ്ങൾ

ഈ കുടുസ്സു ക്യുബിക്കിളുകൾക്കിടയിൽ ഗൊറിയോ എപ്പൊഴും ചലിച്ചു കൊണ്ടിരിക്കുകയാണ്.. എങ്ങോട്ടെന്നില്ലാതെ തിരിഞ്ഞും മറിഞ്ഞും അവനെപ്പൊഴും ഇളകിനടക്കുന്നു.. ഗൊറിയോയുടെ അന്തമില്ലാത്ത ഈ നടത്തവും ചലനങ്ങളും കാണുമ്പോഴൊക്കെ ഞാൻ എയറോബിക്സ് ക്ലാസ്സിലെ തെരേസാമാമിനെ ഓർക്കും .. അമ്പതിന്റെ മറുപാതിയിൽ നിന്ന് അവർ നടനമാടുകയാണ്..

ഡിസംബറിലെ തണുപ്പിൽ പുലരിയെത്തും മുമ്പെ വലിച്ചു വിട്ട് നടന്നിരുന്നത് അവരുടെ ആ താളമേളം നിറഞ്ഞ അനായാസമായ മെയ്‌വഴക്കം കാണാൻ വേണ്ടി മാത്രമായിരുന്നു.. എപ്പൊഴും അവരുടെ നേരെ പുറകിലെ വരിയിൽ സ്ഥാനം പിടിച്ചിരുന്നത്, അവരുടെ ചലനങ്ങളിൽ ഒന്നുപോലും എന്റെ കണ്ണിൽ പെടാതെ പോവരുതെന്ന നിർബദ്ധം കൊണ്ടും.. ഹരം മൂക്കുമ്പോൾ പാട്ടിനൊത്ത് അവരൊന്ന് തിരിഞ്ഞ് മറിയും.. അപ്പോൾ വളഞ്ഞു പുളഞ്ഞ് സംഗീതം പൊഴിക്കുന്ന അവരുടെ ശരീരത്തിനപ്പുറം കണ്ണുകൾ കൊണ്ട് മൂന്നു വരിയായി നിറഞ്ഞു നില്ക്കുന്ന ഞങ്ങൾ ഒമ്പത് പേരെയും ഒന്നുഴിയും.. മറ്റുള്ളവരെല്ലാം ഏറ്റവും നന്നായി ഇളകിയാടുന്നത് അപ്പോഴായിരുന്നു.. പക്ഷെ അതു വരെയും പാട്ടിൽ ലയിച്ച് ആസ്വദിച്ച് കളിച്ചിരുന്ന എന്റെ താളം തെറ്റുന്നതും.. കയ്യും കാലും ഉറച്ച് ഒരു പ്രതിമ പോലെ ഞാൻ നിൽക്കുന്നതിനിടയിൽ അവർ വീണ്ടും ഒരുകറക്കം തീർത്ത് എനിക്ക് പുറം തിരിഞ്ഞിരിക്കും.. ഞാനെന്റെ താളം വീണ്ടെടുത്ത് വൺ-ടു-ത്രീ-ഫോർ എന്ന് ചവിട്ടി തുള്ളാനും.. ഇതു പോലൊരിക്കലാണ്, സന്ധിബന്ധങ്ങളേ വലിച്ചുനീട്ടുന്നതിടയിൽ ആരുടെയൊ ലോ വെയ്സ്റ്റിനും മിനി ടോപ്പിനുമിടയിൽ നിന്നും ഒരു അരഞ്ഞാണം തിരിനീട്ടിയത്... ഞാൻ മാത്രമെ കണ്ടിട്ടുള്ളുവെന്ന് അഹങ്കരിച്ച് തലതിരിച്ചപ്പോൾ അതിൽ കണ്ണും മിഴിച്ച് ശംഭു നിൽക്കുന്നുണ്ടായിരുന്നു..

ഈ കഥയിലെവിടെയെങ്കിലും ഗൊറിയോ വരുന്നുണ്ടൊ എന്ന് സംശയിക്കുന്നുണ്ടെങ്കിൽ തെറ്റി.. അവൻ ഈ കഥയിലല്ല.. ഇതിനുശേഷം ആടുന്ന കഥയിലെ സഹനടൻ മാത്രം.. അധികം വന്ന് കട്ടപിടിച്ചു പോയ കൊഴുപ്പിളക്കി വിയർത്തൊഴുകിയെത്തിയാൽ, തണുത്ത വെള്ളത്തിൽ ഒരു കുളി.. അപ്പൊഴേക്കും മഞ്ഞിന്റെ തണുപ്പ് വിട്ട് വരണ്ട ചൂട് പരക്കാൻ തുടങ്ങിയിരിക്കും.. ട്രാക്ക് സ്യൂട്ടിന്റെ അലക്ഷ്യമായ സ്വാതന്ത്ര്യത്തിൽ നിന്നും കോട്ടൺ സാരിയുടെ വടിവിലേക്ക്... ഒരേ മുഖത്ത് ഒരു ഭാവത്തെ മറ്റൊന്നു കൊണ്ട് മോർഫ് ചെയ്ത്.. അവിടെയാണ് ഗൊറിയോ അവന്റെ നിലക്കാത്ത ചലനങ്ങളുമായി കാത്തിരിക്കുന്നത്..

കാത്തിരിക്കുന്നതെന്ന് കേൾക്കുമ്പോൾ ഞങ്ങൾക്കിടയിൽ എന്തോ ഒരു ഇതുണ്ടെന്ന് നിങ്ങൾ സംശയിച്ചല്ലെ.. സംശയിക്കുകയെന്നത് നിങ്ങളുടെ ഭാഗം.. സംശയം തീർക്കുകയെന്നത് എന്റെ ഭാഗമാണെന്ന് തോന്നാത്തതിനാൽ, തുടരുന്നു..

നോക്കു.. ഞാൻ നിങ്ങളോട് ഇത് പറയുമ്പൊഴും നിങ്ങൾ കേൾക്കുമ്പോഴും എല്ലാം ഗൊറിയോ ചലിച്ചുകൊണ്ടിരിക്കുകയാണ്..

ഇടയിൽ വായുവിൽ എന്തോ എത്തിപ്പിടിക്കാനെന്നവണ്ണം കൈകൾ പൊക്കി വലിച്ചെടുത്ത് താഴേക്ക് ഇടും പോലെ മുഷ്ടിചുരുട്ടി താഴ്ത്തി.. പന്തുതട്ടും പോലെ ഇടതുകാൽ നിലത്തുരച്ച് പൊക്കി.. അവന്റെ ചലനങ്ങൾക്കിടയിൽ പലപ്പൊഴും ഇത് അവൻ ജോലിചെയ്യുന്ന സ്ഥാപനമാണെന്ന് മറന്നു പോവും പോലെ.. പേപ്പറുകൾ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടയിൽ ഒരു നാലുതവണയെങ്കിലും അവന്റെ ഇരു കൈകളിലേക്കും തെന്നിനീങ്ങിയിരിക്കും .. ഒപ്പം അതേ താളത്തിൽ അല്ലെങ്കിൽ അതിനൊപ്പിച്ച് അവന്റെ കാലുകൾ മാത്രമല്ല ശരീരം മുഴുവൻ ഒന്നു വളഞ്ഞു പുളഞ്ഞിരിക്കും.. ഈ കെട്ടിടത്തിനു പുറത്ത് അവൻ എങ്ങിനെയായിരിക്കും നടക്കുക എന്നത് എന്റെ എന്നത്തേയും സംശയമായിരുന്നു.. പക്ഷെ എനിക്ക് മുന്നെ എത്തി എന്നെക്കാൾ ഏറെ വൈകി അവൻ പോവുന്നതിനിടയിൽ ഒരിക്കലും അവനെ എനിക്ക് പൊതുവീഥിയിൽ കണ്ടെത്താനായില്ല.. ഒരിക്കലെങ്കിലും അവനോട് ഈ നടത്തത്തെ കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു.. ഭാഷയുടെ അതിർവരമ്പുകൾക്കിടയിൽ ശ്വാസം മുട്ടുന്നതിനിടയിൽ ചോദിക്കാനുള്ളതിനു വാക്കുകളുടെ രൂപം നൽകാൻ എനിക്ക് കഴിഞ്ഞതുമില്ല.. അല്ല്ലെങ്കിലും അവൻ ആരോടെങ്കിലും സംസാരിക്കുന്നത് ഞാൻ കാണാറില്ലല്ലോ..എല്ലാവരും അവനോട് ആജ്ഞാപിക്കുകയേ ചെയ്യാറുള്ളൂ..

“ഗൊറിയാ.. “

ഈ വലിയ ഹാളിനുള്ളിൽ നിരന്നു കിടക്കുന്ന രണ്ടു മീറ്റർ സമചതുര ക്യുബിക്കിളുകൾക്കുള്ളിൽ നിന്നും എപ്പൊഴും ആരെങ്കിലും ഒക്കെ ഈ പേര് വിളിച്ചു ചൊല്ലിയിരിക്കും.. കൃത്യമായി ആരാണ് തന്നെ വിളിച്ചതെന്ന് മറ്റാർക്കും മനസ്സിലായില്ലെങ്കിലും അവനറിയാം.. ഒരു ചിരി മുഖത്ത് പ്രതിഷ്ഠിച്ച് അവൻ തെന്നി തെന്നി അവർക്കരികിൽ എത്തിയിരിക്കും.. എപ്പൊഴും ചലിച്ചു കൊണ്ടിരിക്കുമ്പൊഴും അവനു മാത്രമായി ഒരു കസേരയും മേശയും ഉണ്ട്.. അതിൽ ഇരിക്കാറില്ലെങ്കിലും ഇടക്കൊക്കെ അവൻ അതിനരികിലെത്തും.. ഇരിക്കാൻ വേണ്ടി കൊതിച്ചാണോ അവൻ പറന്നു വരുന്നതെന്ന് ഞാൻ സംശയിക്കുമ്പോഴെക്കും ആരെങ്കിലും അവനു വേണ്ടി സ്വരമുയർത്തിയിരിക്കും.. എങ്കിലും ആ കസേര എന്റെ സീറ്റിനരികിലായതിനാൽ അതിനെ ചുറ്റിതിരിയുന്ന അവൻ ഇടക്കിടക്ക് എന്റെ മുന്നിലൂടെ തെന്നി നീങ്ങും.. ഇടക്കൊക്കെ ഏതോ താളത്തിൽ മുഖമൊന്ന് വെട്ടിക്കുന്നതിനിടയിൽ -അതോ അതിന്റെ ഭാഗമായൊ - എനിക്കൊരു ചിരി തരും .. പിന്നെ എന്തൊ തെറ്റ് ചെയ്ത പോലെ പെട്ടന്ന് മുഖമിരുളും..

പല്ലിളിച്ച് ഭയപ്പെടുത്തുന്ന ഡെഡ്ലൈനെ പേടിച്ച് കൊച്ചു വെളുപ്പാൻ കാലത്തെ ഓഫീസിലെത്തിയ ദിവസമാണ് ആദ്യമായി ഞാൻ ഗൊറിയോയുടെ താളം കണ്ടത്.. നിലം വൃത്തിയാക്കി നീങ്ങുന്ന അവന്റെ ചലനങ്ങളിലെവിടെയൊ വൺ-ടു വൺ-ടു-ത്രീ എന്നൊരു താളം കണ്ടെത്തിയതിന് തീർച്ചയായും ഞാൻ തെരേസമാമിനോടാണ് നന്ദി പറയേണ്ടത്... അതെ, അന്നായിരുന്നു ഞാൻ ആദ്യമായി അവരുടെ ക്ലാസ്സിലെത്തിയതും.. വെറുതെ നടക്കുമ്പോൾ, പ്ലേറ്റിൽ നിന്നും ഒരുരുള ചോറ് വായിലെക്കെടുക്കുമ്പോൾ, ഇടത്തോട്ടും വലത്തോട്ടും നാവുകൊണ്ട് തട്ടിമാറ്റി ചവച്ചരക്കുമ്പോൾ എല്ലാം ഒരു താളം കണ്ടെത്താനാവുമെന്ന് അവർ പറയുമ്പോൾ, താളം തെറ്റുന്ന പലതിനും അതുകണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.. അവതാളത്തിൽ, അപശ്രുതിയിൽ..

നോക്കു, ഗൊറിയോയുടെ ഇപ്പൊഴത്തെ ചലനം ഇങ്ങനെയാണ്. ഇടതുകൈ ആകാവുന്നിടത്തോളം മുകളിലേക്ക് പൊക്കി, പിന്നെ ഇടതു കൈപ്പത്തിയോട് വലതു കൈപ്പത്തി ചേർത്ത്, ശേഷം വലത്തോട്ട് വളഞ്ഞ്, ഇടതുകൈ മടക്കാതെ വലതുകൈ നിലത്തു തൊട്ട്.. വേണമെങ്കിൽ ഇങ്ങനെയും പറയാം.. ഉയരത്തിലെ ഷെൽഫിൽ നിന്നും സാധനങ്ങൾ എടുത്ത് വലതു വശത്തെ നിലത്ത് അടുക്കി വെക്കുകയാണ് ഗൊറിയയിപ്പോൾ..

“ഹേയ് ഗേൾസ്.. ഇത് വെറും എയറോബിക്സ് അല്ല.. യോഗയും ഫ്ലോർ എക്സർസൈസും എല്ലാം ചേർത്ത്, എല്ലാത്തിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുക എന്നതാണ് എന്റെ പോളിസി.. നിങ്ങൾ ഹാപ്പിയായിരിക്കണം.. ആൾവെയ്സ് ഹാപ്പി.. “

തെരേസാമാം ഇത് പറയുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരി നിറഞ്ഞ ഭാവം മാത്രം മതിയായിരുന്നു ഞാൻ അന്നു മുഴുവൻ ഹാപ്പിയാവാൻ...

“നിങ്ങൾ എന്തിനാ മെലിഞ്ഞ് ഉണങ്ങാൻ മോഹിച്ച് പട്ടിണികിടക്കുന്നെ.. മതിയാവോളം തിന്നുക... ആവശ്യത്തിനുള്ളത് ശരീരത്തിൽ വെച്ച് ബാക്കിയുള്ളതിനെ നമുക്കിതാ ഇങ്ങനെ എരിച്ച് കളയാം.. യേ .. ഗെറ്റ് റെഡി.. വൺ-റ്റു-ത്രീ-ഫോർ.. “

ബാക്ക് ഗ്രൌണ്ടിൽ മുഴങ്ങുന്ന ഏതോ അടിപൊളി ഇംഗ്ലിഷ് മ്യൂസിക്കിനൊപ്പം അവർ താളം തുള്ളാൻ തുടങ്ങിയിരിക്കും.. ഇടക്കിടക്ക് ഒരു കൈകൊട്ടലിലൂടെ മാറുന്ന ചലനങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധയാകർഷിക്കും. ഇതിനിടയിൽ ഞാൻ ട്രാക്ക് സ്യൂട്ടിൽ നിന്നിറങ്ങി കുഞ്ഞുടുപ്പിട്ട് തുള്ളുന്ന ആ ആൽബത്തിലെ നായികയായി സ്വയം മറക്കും”

“യെസ് ചേഞ്ച്.... വൺ-ടു വൺ-ടു വൺ-ടു വൺ-ടു-ത്രീ”

ഒരു നിമിഷം.. ഇത് ഡാൻസ് ഫ്ലോർ അല്ല.. ഓഫീസിലെ എന്റെ കൊച്ചു ക്യുബിക്കിൾ മാത്രം..

ഗൊറിയോ എനിക്കരികിലേക്ക് കാലുകൾ കൊണ്ട് ലെഫ്റ്റ്-റൈറ്റും കൈകൾ ലെഫ്റ്റ്-അപ്പ്-റൈറ്റ്-ഡൌൺ എന്നതിലും ചലിപ്പിച്ച് എത്തുന്നത് ബോസ്സിന്റെ നിർദ്ദേശവുമായാണ്..

“ഹായ് ബേല.. ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയാലൊ.. ഇന്നെങ്കിലും വൈകീട്ട് മീറ്റിങ് കഴിഞ്ഞ് ഡിന്നറിനു നിൽക്കാതെ മുങ്ങരുത്.. എല്ലാ തവണയും എത്ര പറഞ്ഞാലും താൻ കേൾക്കില്ല.. ‘

“സർ, പ്ലീസ്..”

“ഇത്തവണ താൻ എന്തായാലും ഉണ്ടാവണം.. മുകളിൽ നിന്നുള്ള ഓർഡർ ഉണ്ട്.. ചീഫ് മാനേജറും ഡയറക്റ്റേഴ്സും എല്ലാവരും എത്തുന്നതാണ് ..”

സെക്കന്റ് സൂചിയുടെ ഓരോ അനക്കവും ഞാൻ നോട്ടം കൊണ്ട് അടയാളപ്പെടുത്തി.. പുറത്ത് രജത് എന്നെയും കാത്തുനിൽക്കുന്നെന്ന് അവന്റെ മിസ്കോളുകൾ എന്നെ ഓർമ്മിപ്പിച്ചു.. അവനൊരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണതെന്ന് എനിക്ക് നന്നായി അറിയാവുന്നതിനാൽ കഴിയുന്നതും ഈ ഒരു സന്ദർഭം ഞാൻ എന്നും ഒഴിവാക്കുമായിരുന്നു.. അതുകൊണ്ട് തന്നെ ഒരിക്കലും ഈ ലേറ്റ്നൈറ്റ് ഡിന്നറുകളിൽ ഞാൻ എത്താറുമില്ല.. പക്ഷെ ഇന്ന്.. മീറ്റിങിൽ മോട്ടിവേഷനെന്നും ബൂസ്റ്റിങെന്നും അങ്ങിനെ പലപേരിലായി പലരും പലതും ശർദ്ദിച്ചുകൊണ്ടിരുന്നു .. ഡിന്നറിനു നേരമായപ്പോഴായിരുന്നു പ്രതീക്ഷിക്കാത്ത ആ അനൌൺസ്മെന്റ് വന്നത്.. നിരത്തിവെച്ച വിഭവങ്ങൾക്കരികിലൂടെ നീങ്ങുമ്പോൾ ഓരോന്നിന്റെയും കലോറിയായിരുന്നു മനസ്സിൽ.. ഇന്നിത് ആസ്വദിച്ച് തിന്നാൽ നാളെ ഞാൻ ഈ കൊഴുപ്പിളക്കാൻ എത്ര കിടന്ന് തുള്ളണമെന്നോർത്തപ്പോൾ അറിയാതെ പലതിൽ നിന്നും കൈവലിഞ്ഞു പോയി.. എന്നിട്ടും റുമാലിറൊട്ടിയും ബട്ടർ പനീറ് മസാലയും എന്നെ വിടാതെ പിടിച്ചു.. നല്ല ഭംഗിയായി മുറിച്ചു വെച്ചിരിക്കുന്ന ഒരു തുണ്ട് റുമാലിറൊട്ടിക്ക് മീതെ മസാല നിറച്ചൊഴിച്ച് ഗ്രീൻ സാലഡിന്റെ മേമ്പൊടി ചേർക്കുമ്പൊഴായിരുന്നു ആ അനൌൺസ്മെന്റ് കാതിൽ അലച്ചെത്തിയത്..

അരങ്ങിൽ കർട്ടൻ ഉയർന്നത് ഇരുണ്ട വെളിച്ചത്തിൽ ഒരു ഗ്രീക്ക് പ്രതിമ പോലെ നിൽക്കുന്ന ഗൊറിയോയിലേക്കായിരുന്നു.. പിന്നെ പതിയെപതിയെ ഉയർന്നു പോവുന്ന താളത്തിനൊപ്പം അവൻ ആ വട്ടം മുഴുവൻ നിറഞ്ഞാടി.. ഇടയിൽ ഒരിക്കൽ പോലും ഞാൻ ആ ചുവടുകളേ വൺ-ടു-ത്രീ-ഫോറിന്റെയും ലെഫ്റ്റ്-റൈറ്റ്-അപ്പ്-ഡൌണിന്റെയും ചതുരങ്ങളിലേക്ക് വലിച്ചു കെട്ടിയില്ല.. അവസാനം ഒരു വലിയ മുഴക്കത്തോടെ എല്ലാം അടങ്ങിത്തീരുമ്പൊഴും എന്റെ പ്ലേറ്റിലെ റൊട്ടിയും കറിയും ബാക്കിയായിരുന്നു..

ഗേറ്റിൽ നിന്നും അല്പം മാറി ഇരുളിൽ പാർക്ക് ചെയ്തിരുന്ന വണ്ടിയിലേക്ക് നടക്കുമ്പോഴും മനസ്സിൽ നിറയെ ഗൊറിയോയുടെ നൃത്തമായിരുന്നു.. രജത്തിനു കൂട്ടിനെന്ന പേരിലാണ് റെസ്റ്റോറെന്റിൽ കേറിയതെങ്കിലും എന്റെ വിശപ്പിനുമുന്നിൽ സകല കള്ളങ്ങളും പൊളിഞ്ഞു..

“നീയെന്താ ഡിന്നറിനൊന്നും കഴിച്ചില്ലെ.. “

“ഇല്ല.. നീ പുറത്ത് നിൽക്കുന്നെന്ന് ഓർത്തപ്പൊ.. “

രജത്തിന്റെ മുഖത്ത് നോക്കാതെയാണ് ഞാനത് പറഞ്ഞത്.. പിന്നെ മറ്റൊരു വിശേഷം എന്ന പ്രത്യേകത മാത്രം നൽകി സ്വരത്തിൽ അല്പം പോലും ആവേശം കടന്നു വരാതെ ഇത്ര കൂടി കൂട്ടി ചേർത്തു..

“ ഞങ്ങടെ ഓഫീസ് ബോയ് ഇല്ലെ.. ഞാൻ പറയാറുള്ള ഗൊറിയോ...ആ‍... അവന്റെ ഡാൻസ് ഉണ്ടാരുന്നു.. അവരുടെ ഏതോ ട്രൈബൽ സ്റ്റൈൽ.. “

“എങ്ങിനെ ഉണ്ടാരുന്നു..”

“കൊള്ളായിരുന്നു.. അതുകണ്ടപ്പോൾ ഞാൻ തെരേസാമാമിനെ ഓർത്തു.. “

രാത്രിയിൽ ഒരു ബിയറുമായി രജത് ടിവിക്കുമുന്നിൽ ചാഞ്ഞപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്തോ അസ്വസ്ഥത കടന്നു കൂടിയെന്ന് ഉറപ്പായിരുന്നു.. ലേറ്റ് മീറ്റിങുകളും ഡിന്നറുകളും ഒഴിവാക്കണമെന്നത് അവന്റെ ആജ്ഞയായിരുന്നില്ല, അപേക്ഷയായിരുന്നു..

ടർക്കിയുമെടുത്ത് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ടിവിയിൽ ഒരു ഡാൻസ് ഷോ നടക്കുകയായിരുന്നു.. ഷവറിലെ വെള്ളത്തിന്റെ തണുപ്പിൽ അല്പം ചൂടിനുവേണ്ടി ചുവടുവെച്ചപ്പോൾ കാലുകൾ തെന്നാൻ തുടങ്ങി..

“രജത്.. എന്റെ കൂടെ നൃത്തം ചെയ്യാമൊ.. വെറുതെ ടിവിയിലെ ഈ പാട്ടിനൊപ്പം”

പെട്ടന്നുള്ള അവന്റെ ഞെട്ടൽ കുടിച്ച കള്ളിന്റെ വീര്യം മുഴുവൻ നഷ്ടമായെന്നതിനു തെളിവായിരുന്നു..

“നിനക്കെന്താ വട്ടായൊ.. ഈ പാതിരാത്രിക്ക് ഡാൻസ് ചെയ്യാൻ.. “

“അതല്ല.. തെരേസാമാം പറഞ്ഞ പോലെ .. വെറുതെ.. “

കവിളിലെ ഒരുമ്മക്കൊപ്പം കൈപിടിച്ച് വലിച്ചപ്പോൾ അവൻ ഗ്ലാസ്സ് താഴെവെച്ചു.. കട്ടിലിനും റ്റിവിക്കും സെറ്റിക്കുമെല്ലാം കൊടുത്ത് ബാക്കിവന്ന ഒരിത്തിരി സ്ഥലത്ത് ഞങ്ങൾ ഇരുവരും..

ഇതാണ് ആദ്യം തെരേസാമാം ആദ്യം കാണിച്ചുതന്ന ചുവട്.. നോക്ക്, ഇത് സൽ‌സയാണ്...ശംഭുവാണ് എനിക്ക് പഠിപ്പിച്ചു തന്നത്..അവൾക്ക് സുനീഷും.. ടിവിയിൽ മാറി മറിയുന്ന പാട്ടുകൾക്കൊപ്പം ഞങ്ങളുടെ താളവും മാറികൊണ്ടിരുന്നു.. രജത്തിന് ഇത്രനന്നായി ഡാൻസ്ചെയ്യാനാവുമെന്ന് അറിയാതെ പോയത് ഇടക്കൊക്കെ എന്നെ അലോസരപ്പെടുത്തി..

“രജത് .. നീ ഡാൻസ് പഠിച്ചിട്ടുണ്ടോ.. “

ഡാൻസിൽ മുഴുകിപോയ അവൻ മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു.. അവന്റെ കണ്ണിലെ നോട്ടത്തിൽ പോലും അവൻ ഡാൻസ് ചെയ്യുകയായിരുന്നു..

ഇപ്പോൾ ടിവിയിൽ ദ്രുതതാളത്തിൽ ഏതോ ആഫ്രിക്കൻ സംഗീതം മുഴുങ്ങുകയാണ്.... വേഗതയേറിയ ആ താളം പതിയെ എന്നിലും പടരാൻ തുടങ്ങിയിരിക്കുന്നു... ഇത് ഇന്ന് ഗൊറിയോയുടെ നൃത്തത്തിൽ ഞാൻ കണ്ട ചുവുടാണെന്ന് രജത്തിനോട് എനിക്ക് പറയണമെന്നുണ്ടായിരുന്നു.. പക്ഷെ മാറിപ്പോയ അവന്റെ ചുവടുകൾ കട്ടിലിനും ഞങ്ങൾക്കുമിടയിലെ ദൂരം കുറച്ചു കൊണ്ടിരുന്നു.. അവിടെ കീഴ്മേൽ മറഞ്ഞു തുടങ്ങിയ താളമേളങ്ങളിൽ അവയവങ്ങൾ സ്ഥാനം തെറ്റിക്കൊണ്ടിരുന്നു.. ഇടയിലെപ്പൊഴൊ അഫ്രിക്കൻ സംഗീതത്തിന്റെ വന്യതയിൽ രജതിന്റെ ചുവടുകൾ ഇടറി തുടങ്ങി..ഉറക്കം കടന്നുവരുമ്പൊഴും നിലക്കാത്ത എന്റെ താളത്തിൽ ഒപ്പം ചവിട്ടാൻ കൈകളിൽ കൈചേർത്ത മറ്റാരോ.. പതിയെ പതിയെ പാതി ചുവരുകളുള്ള ക്യുബിക്കിളുകൾക്കിടയിലൂടെ താളത്തിൽ തെന്നി തെന്നി... അപ്പൊഴും ഒരു കൈ എന്റെ കയ്യിൽ ചേർത്ത് പിടിച്ച്.. അതെ, ഞാനിപ്പോഴും നൃത്തം തുടരുകയാണ്..

Monday, January 11, 2010

ഇത് എന്റെ സ്കൂൾ


"ഇത് എന്റെ സ്കൂൾ..”

നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു

ഇന്നലെ മുതിർന്നവർക്കിടയിൽ കോട്ടയം ഗിരിദീപം സ്കൂളിലെ സുന്ദരക്കുട്ടൻ‌മാരുടെ പടം കണ്ടപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.. കയ്യിൽ നിന്നു പോവുമോ ന്ന്.... ആരൊക്കെയൊ കാത്തു.. അല്ലെങ്കിൽ എന്റെ ചേട്ടന്റെ ഭാഷയിൽ കാണാൻ നല്ല ചേലുള്ള അവർക്കിടയിൽ ഞങ്ങളുടെ കറുമ്പൻ‌മാർ ജയിക്കില്ലല്ലൊ..ഇത് എന്റെ സ്കൂൾ.. പെരിങ്ങോട് ഹൈസ്കൂൾ.. കാലങ്ങളായി യുവജനോത്സവവേദിയിൽ പഞ്ചവാദ്യം കൊട്ടി ഒന്നാം സമ്മാനം വാരിയെടുക്കുന്നവർ.. പണക്കൊഴുപ്പിന്റെ മേളയിൽ മറ്റൊന്നും സ്വന്തമാക്കാനുള്ള ആവതില്ലാത്തവർ.. അവർക്കിത് മത്സരമല്ല.. മറ്റൊരു അരങ്ങുമാത്രം.. പലരും അന്തികഞ്ഞിക്ക് അരിവാങ്ങാൻ അച്ഛനമ്മമാരുടെ കൂലിയിൽ ഒരുപങ്കുനൽകാൻ ഉത്സവപറമ്പുകളിൽ കൊട്ടിത്തകർക്കുന്നവർ.. നൃത്തനൃത്യങ്ങളുടെ ലോകം അന്യമായതുകൊണ്ടല്ല.. അവിടെ കഴിവിനേക്കാൾ മാറ്റുരക്കുരക്കുന്ന മറ്റു പലതുമുണ്ടല്ലോ..

രാവിലെ ഉണരുമ്പോൾ പലപ്പോഴും ആദ്യം കേൾക്കുന്നത് പഞ്ചവാദ്യം തന്നെ.. വീടിനും സ്കൂളിനും ഇടയിൽ ഒരു വിളിപ്പാട് ദൂരം മാത്രം.. എനിക്ക് വളരെ പരിചിതമായ തുകിലുണർത്ത്... സന്ധ്യചായുന്നതും ഇതേ മേളത്തിന്റെ അകമ്പടിയോടെ.. സ്കൂൾ സമയത്തിനു ശേഷം ആളും ആരവവും നിലക്കുമ്പോൾ അവർ വാദ്യങ്ങൾ കയ്യിലേന്തുന്നു..

അടുത്ത ഗ്രാമങ്ങളിലെ കാവിലും അമ്പലത്തിലും ഉത്സവങ്ങൾക്ക് കൊട്ടിക്കയറി കീർത്തികേട്ടറിഞ്ഞ നാടുകളിൽ നിന്നെല്ലാം ഇവരെ അന്വേഷിച്ചെത്താൻ തുടങ്ങിയ കാലമുണ്ടായിരുന്നു.. അന്നത്തെ കുട്ടികൾ ഇന്ന് ആശാൻ മാരായി പുതിയ ശിഷ്യരെ തേടുന്നു.. നാട്ടിലും മറുനാട്ടിലും പെരിങ്ങോടിന്റെ പേരുയർത്തുന്നു.. പടർന്നു പന്തലിച്ച് നിറഞ്ഞു നിൽക്കുമ്പോഴും ഈ വൻ‌വൃക്ഷത്തിന്റെ വേരുകൾ പെരിങ്ങോട് സ്കൂളിന്റെ മതിൽകെട്ടിൽ തന്നെ..

അതെ.. ഇതെന്റെ സ്കൂൾ...